കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ ആദിവാസി കോളനികളിലാണ് പോളിംഗ് സ്റ്റേഷനുകൾ ഉള്ളത്. താളുംകണ്ടം ഒഴിച്ചുള്ള പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വൻ സുരക്ഷാ ക്രമീകരണങ്ങളോടെ ബ്ലാവന കടവിൽ എത്തിച്ച് ജങ്കാർ വഴിയാണ് മറുകരയിലെത്തിച്ചത്. ബ്ലാവനക്കടവിൽ പാലമില്ലാത്തതു കൊണ്ടാണ് മറുകരെയെത്താൻ ജങ്കാറിനെ ആശ്രയിക്കേണ്ടി വന്നത്.
43-ാം ബൂത്ത് നമ്പറായ തലവച്ചപാറയിൽ 421 ഉം, തേരയിൽ – 61-ഉം, കുഞ്ചിപ്പാറയിൽ 265 ഉം, വാരിയത്ത് 168 ഉം വോട്ടർമാരാണുള്ളത്.താളുംകണ്ടത്ത് 118 വോട്ടർമാരും ഉണ്ട്. ദുർഘട കാട്ടുപാതകളിലൂടെ മണിക്കൂറുകൾ ജീപ്പിൽ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ.