കോതമംഗലം: പെരുമ്പാവൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ് നിരത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. കോതമംഗലം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്‍ഡ്ഷിപ്, കോതമംഗലം – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അലന്‍ എന്നീ ബസുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്.
ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു യാത്രക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കിയ സംഭവം. കോതമംഗലം ഭാഗത്തു നിന്നു വന്ന 2 ബസുകളും മത്സര ഓട്ടം നടത്തി വരി തെറ്റിച്ചു സിഗ്‌നലിലേക്കു കടക്കാന്‍ ശ്രമിച്ചതോടെയാണു കുരുക്കു വര്‍ധിച്ചത്. സിഗ്‌നല്‍ കടന്ന് കോതമംഗലം ഭാഗത്തേക്കു പോകേണ്ട ബസുകള്‍ എതിരെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. ഇതിനിടയിലാണ് കോതമംഗലം ഭാഗത്ത് നിന്ന് ആലുവയിലേക്കു പോകേണ്ട ആംബുലന്‍സിനു കടന്നു പോകാന്‍ പറ്റാത്ത വിധം ബസുകള്‍ കിടന്നത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഇടപെട്ടാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.






















































