നേര്യമംഗലം :കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024-ലെ ഇന്റര്‍നാഷ്ണല്‍ എക്സലന്‍സ് അവാര്‍ഡിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബര്‍ അര്‍ഹനായി. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡാണ് മലയാള സാഹിത്യത്തിലെ സംഭാവനകള്‍ക്ക് അക്ബറിനെ തേടിയെത്തിയത്. പ്രശസ്തി പത്രവും 20000 രൂപയുടെ പുസ്തക വൗച്ചറുമടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിനായി അക്ബറിനെ മറ്റൊരാള്‍ നാമനിര്‍ദ്ദേശം ചെയ്യുകയും രചനകള്‍ എക്‌സെല്ലര്‍ ബുക്‌സ് പ്രത്യേക സമിതി പരിശോധിച്ചുമാണ് അവാര്‍ഡിനായി അക്ബറിനെ തിരഞ്ഞെടുത്തത്.
ബാംസുരി, അക്ബറോവ്‌സ്‌കി, കുയില്‍ ഒരു പക്ഷി മാത്രമല്ല എന്നീ കവിതാസമാഹാരങ്ങളും ഇല തൊട്ട് കാടിനെ വായിക്കുന്നു എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകങ്ങള്‍ അക്ബറിന്റേതായി പുറത്തുവന്നിട്ടുണ്ട്. പ്രണയ കവിതകളുടെ സമാഹാരം ‘നിന്നെക്കുറിച്ചുള്ള കവിതകള്‍’ എന്ന പുസ്തകം ഈ വര്‍ഷം പുറത്തിറങ്ങും. കൂടാതെ അക്ബറിന്റെ മാതാവിനെക്കുറിച്ചുള്ള കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരം പണിപ്പുരയിലാണ്.
നേര്യമംഗലം സ്വദേശിയായ കബറിന് സംസ്‌കാര സാഹിതി പുരസ്‌കാരം, നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപവര്‍മന്റ് അവാര്‍ഡ്, പുരോഗമന കലാസാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ലിറ്ററേച്ചറില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. നഫീസയാണ് ഭാര്യ, അഹാന, സുനേന എന്നിവരാണ് മക്കള്‍: