കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു. നാല് പേര്‍ പിടിയില്‍. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍ കുപ്പക്കാട്ട് അമീന്‍ നസീര്‍ (24), ചെറുവട്ടൂര്‍ ചെങ്ങനാട്ട് അഭിറാം (22) എന്നിവരെയാണ് കോതമംഗലം പോലിസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍ സുഹൃത്താണെന്ന വ്യാജേന മൊബൈലില്‍നിന്ന് സന്ദേശം അയച്ച് വിദ്യാര്‍ത്ഥിയെ വീട്ടില്‍നിന്ന് വിളച്ചിറക്കി കാറില്‍ കയറ്റി കൊണ്ട് പോയി കുറ്റിലഞ്ഞിയിലെ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിലെത്തിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുഖത്തും വയറിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റ വിദ്യാര്‍ത്ഥി കോലഞ്ചേരി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുമായുള്ള സൗഹൃദം ചോദ്യം ചെയ്താണ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ അവശനായ വിദ്യാര്‍ത്ഥിയെ അര്‍ദ്ധരാത്രിക്ക് ശേഷം വീടിന് സമീപം എത്തിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു. വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ ചികിത്സയ്ക്കായി കോലഞ്ചേരിയില്‍ എത്തിച്ചു. തട്ടിക്കൊണ്ട് പോയി കൊലപാതകശ്രമത്തിന്് പ്രതികള്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ്എച്ച്ഒ പി.ടി. ബിജോയ് പറഞ്ഞു.
