പിണ്ടിമന : വൈദ്യുത ലൈനിൽ തട്ടി മിനി ലോറിയിൽ കൊണ്ടുവരുകയായിരുന്ന വൈക്കോലിന് തീപിടിച്ചു. മുത്തംകുഴിക്ക് സമീപത്താണ് അപകടം നടന്നത്. ലോറി ഡ്രൈവർ മുത്തംകുഴി സ്വദേശി പുരുഷന് സാരമായ പൊള്ളലേറ്റു. ഞായറാഴ്ച രാവിലെ 10.30-നാണ് സംഭവം. ലോറി ഭാഗികമായി കത്തിനശിക്കുകയും അര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്‌തു. വൈക്കോൽ ലോഡ് ലൈനിൽ തട്ടിയപ്പോൾ വൈദ്യുതക്കമ്പികൾ കൂട്ടിമുട്ടിയാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ ആളിപ്പടറുകയായിരുന്നു. തീ പിടിച്ച വൈക്കോൽ മാറ്റിയിടുമ്പോൾ ആണ് ഡ്രൈവർക്ക് പൊള്ളൽ ഇട്ടത്. കോതമംഗലത്ത് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
