പെരുമ്പാവൂർ : കോവിഡ് അനുബന്ധ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ഒരുക്കാൻ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 1.79 കോടി രൂപ അനുവദിച്ചു. നിർമാണം ഉടൻ ആരംഭിക്കുമെന്നും 200 ദിവസങ്ങൾക്കുള്ളിൽ നിർമാണം പൂർ ത്തിയാക്കി ജനങ്ങൾക്കു തുറന്നു കൊടുക്കുകയാണു ലക്ഷ്യമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് ആശുപത്രിയിൽ ഐസലേഷൻ വാർഡുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണു പദ്ധതി. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, കിഫ്ബി ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തി സ്ഥല പരിശോധന പൂർത്തിയാക്കി.
പ്രീ എൻജിനീയറിങ് ബിൽഡിങ് (പിഇബി) രീതിയിലാണു നിർമാണ പ്രവർത്തനം നടത്തുക. നിർമാണച്ചെലവിൽ 50% എം എൽഎയുടെ വികസന ഫണ്ടിൽ നിന്നും ബാക്കി തുക സർക്കാരും വഹിക്കും. കേരള മെഡിക്കൽ സർവീസ് കോർപറേഷനാണു മേൽനോട്ട ചുമതല.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ മണ്ഡലത്തിലെ ആശുപത്രികളിൽ പേ വാർഡ് കൂടിയ ഐസലേഷൻ വാർഡ് സൗകര്യം ഇല്ലായിരുന്നു. വെങ്ങോല ആശുപത്രിയിൽ പുതിയ ഐസഷൻ വാർഡ് കൂടി നിർമിക്കുന്നതോടെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ആശുപത്രിക്കു കഴിയുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ, വെങ്ങോല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ഐ ബീരാസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ HMC പ്രതിനിധികൾ, വെങ്ങോല കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അനിത തുടങ്ങിയവർ HMC മീറ്റിംഗിൽ പങ്കെടുത്തു.
