പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡിൻ്റെ സെൻട്രൽ ലൈൻ നിശ്ചയിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ബൈപാസ് പദ്ധതി ആരംഭിക്കുന്ന മരുതു കവല പ്രദേശത്താണ് ഇന്നലെ സന്ദർശനം നടത്തിയത്. പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തി. പദ്ധതിക്കായി 2016 ലും 2022 ലും നടത്തിയ മണ്ണ് പരിശോധന ഫലങ്ങളും ഇതോടൊപ്പം താരതമ്യം ചെയ്യുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് തയ്യാറാക്കിയ റിപ്പോർട്ടും ടോപ്പോഗ്രാഫിക് സർവ്വേയും അടിസ്ഥാനമാക്കിയാണ് സ്ഥല പരിശോധന. ചതപ്പു നിലങ്ങളിൽ നാലു വരിയിൽ എലിവേറ്റഡ് പാതയായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 2016 ന് ശേഷം വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ നാറ്റ്പാക്കിന് കിഫ്ബി നിർദ്ദേശം നൽകിയിരുന്നു.
ബൈപാസ് വിന്യാസത്തിൽ ഉൾപ്പെട്ട കെട്ടിടങ്ങളുംഅനുബന്ധ വസ്തുക്കളും പൊളിച്ചു നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഇതോടൊപ്പം ആരംഭിച്ചു. 11 വ്യക്തികളുടെ വസ്തുക്കളാണ് പൊളിച്ചു നീക്കുന്നത്. അതിന് ശേഷം പദ്ധതി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എംഎൽഎ അറിയിച്ചു.
60 വ്യക്തികളുടെ ഭൂമിയാണ് ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി ആവശ്യമായി വരുന്നത്. ഇതിൽ 58 പേരുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചു. ബൈപ്പാസിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിനായി ഏറ്റെടുത്ത ഭാഗത്തെ മരങ്ങൾ മുറിച്ചു നീക്കലും കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
എം.സി റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന നിർദ്ദേശം സർക്കാരിൻ്റെ പരിഗണനയിൽ ആയതിനാൽ പെരുമ്പാവൂർ നിർദ്ദിഷ്ട ബൈപ്പാസുമായി സന്ധിക്കുന്നിടത്ത് ഗ്രേഡ് ജംഗ്ഷൻ അല്ലെങ്കിൽ ഗ്രേഡ് സെപ്പറേറ്റ് ജംഗ്ഷൻ ഇവയിൽ ഏതാണ് അഭികാമ്യം എന്നുള്ള പഠനവും ഉടൻ തന്നെ പൂർത്തിയാകുമെന്ന് എംഎൽഎ പറഞ്ഞു.