പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച എമൽഷൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെ തടഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും, നാട്ടുകാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആറുമാസം കൂടി കാലാവധിയുള്ള ടാറിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന എമൽഷൻ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞത്. പ്രസ്തുത സ്ഥലത്ത് എത്തിച്ച എമൽഷൻ കൊണ്ട് പോകുന്നതിന് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല എന്ന് സ്ഥലം സന്ദർശനവേളയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ വ്യക്തമാക്കി.
ഈ റോഡ് നിർമാണോദ്ഘാടനം നടത്തിയിട്ട് 36 മാസമായി . 11.50 കിലോമീറ്റർ ദൂരമുള്ള റോഡിൽ 7 കിലോമീറ്റർ മാത്രമാണ് നിർമാണം പൂർത്തിയായത്. കരാർ കാലാവധി അവസാനിച്ചിട്ടും വീണ്ടും കരാർ നീട്ടി നൽകിയ അവസ്ഥ ഉണ്ടായിട്ടും കരാറുകാരന്റെ ഭാഗത്തു നിന്ന് നിർമാണം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
വലിയ കുഴികൾ രൂപപ്പെട്ട് യാത്ര അതീവ ദുരിതമായിട്ടും സർക്കാർതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇടപെടലുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് എംഎൽഎയുടെ പ്രതിഷേധം. 3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണിത്. എം.സി റോഡിലെ മണ്ണൂരിനെയും എഎം റോഡിലെ പോഞ്ഞാശേരിയെയും ബന്ധിപ്പിച്ചുള്ള റോഡ് എംസി റോഡിലെയും പെരുമ്പാവൂർ ടൗണിലെയും തിരക്കു കുറയ്ക്കാനുള്ള റോഡാണ്. സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചത്.സർവേ പൂർത്തിയാക്കി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയപ്പോൾ ചെലവ് 23.74 കോടി രൂപയായി.
പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചപ്പോൾ 2019 ജനുവരി 5ന് നിർമാണോദ്‌ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ മണ്ഡല പരിധിയിൽ വരുന്ന വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം പൂർത്തിയായി. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരത്തിലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. ഐരാപുരം കോളേജ് ജംഗ്ഷൻ മുതൽ മണ്ണൂർ ജംഗ്ഷൻ വരെ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
ഇവിടെ കലുങ്കുകളും കാനകളും നിർമിക്കണം. നിർമാണവും നടപടികളും പൂർത്തിയാക്കിയിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. റോഡ് കയ്യേറ്റം കണ്ടെത്താനുള്ള സർവേയും പൂർത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു.
മഴ മാറിയ സാഹചര്യത്തിൽ ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്കും റോഡിന് ഇരുവശം താമസിക്കുന്ന ആളുകൾക്കും, സ്ഥാപനങ്ങൾക്കും പൊടി ശല്യം രൂക്ഷം ആയിരിക്കുകയാണ്. മണ്ണൂർ–പോഞ്ഞാശേരി റോഡിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിൽ സമരം നടത്തുംമെന്ന് അറിയിച്ചു.