പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ പാറയ്ക്കാട്ടുമാലി കോളനിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന കോളനികളിൽ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ തുക അനുവദിച്ചത്.
മുപ്പത്തിൽ കൂടുതൽ പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ കുടിവെള്ള പദ്ധതി, മാലിന്യ സംസ്‌കരണം, കോളനിക്കുള്ളിലെ റോഡുകൾ, വൈദ്യുതീകരണം, കോളനിയിലെ മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് സാധ്യതയുള്ള ഭാഗങ്ങളിലും റോഡുകളുലും സംരക്ഷണ ഭിത്തിയുടെ നിർമ്മാണം, സ്ഥലം ലഭ്യമാണെങ്കിൽ കളിസ്ഥലം, കമ്മ്യുണിറ്റി ഹാളുകളുടെ നിർമ്മാണം, ഭവന പുനരുദ്ധാരണം, ശ്മശാനത്തിന്റെ നവീകരണവും സംരക്ഷണവും, വരുമാന പദ്ധതികളായ മൃഗ സംരക്ഷണം, ഹോർട്ടികൾച്ചർ, നെയ്ത്ത്, കരകൗശലം മുതലായ പ്രവൃത്തികളിൽ നിന്ന് കോളനിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ തെരഞ്ഞെടുക്കാം. കോളനി നിവാസികളുടെ യോഗം വിളിച്ചു ചേർത്താണ് നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചു തീരുമാനം എടുക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. കോളനിയുടെ നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് ചുമതല നൽകിയിരിക്കുന്നത്.
You must be logged in to post a comment Login