പെരുമ്പാവൂർ : കോവിഡ് – 19 ഭീതിയെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഫോട്ടോഗ്രാഫി അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കത്ത് നൽകി. കൊറോണ ഭീതിയെ തുടർന്ന് എല്ലാ പരിപാടികളും മാറ്റിവെച്ചിരിക്കുന്നതിനാൽ അവയെ ആശ്രയിച്ചു ജീവിക്കുന്ന ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നു കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിശ്ചിതമായ മാസവരുമാനം ഉറപ്പില്ലാതെ ജീവിക്കുന്നവരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ. ദൈനദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനോ വാടക നൽകുവാണോ തൊഴിൽ ആവശ്യമായി എടുത്ത വായ്‌പ്പാ തിരിച്ചടയ്ക്കുവാണോ ഇവർക്ക് സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴത്തേത് എന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
തൊഴിലും വരുമാനവും നിശ്ചലമായ അവസ്ഥയിൽ ആയതിനാൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലുള്ള കെട്ടിടങ്ങൾ എന്നിവയിൽ സ്ഥാപനം നടത്തുന്നവർക്ക് വാടകയിൽ ഇളവ് നൽകുക, നിലവിലെ ലോണുകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിക്കുക, ലോൺ തിരിച്ചടവിന് സർക്കാർ ധനസഹായം നൽകുക, സർക്കാർ സബ്സിഡിയോടെ പലിശ രഹിതമായോ, കുറഞ്ഞ പലിശ നിരക്കിലോ ബാങ്ക് ലോൺ അനുവദിക്കുക, സർക്കാർ അർദ്ധ സർക്കാർ എന്നിവയിലെ മുഴുവൻ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ തൊഴിലുകളും ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നൽകുക, വൈദ്യുതി, ജലം, സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഇളവ് അനുവദിക്കുക, 3 മാസത്തേക്ക് അല്ലെങ്കിൽ തൊഴിലും വരുമാനവും ഉറപ്പാകുന്നത് വരെ ഉപജീവനത്തിനായി സർക്കാർ സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചു ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ നൽകിയ നിവേദനവും മുഖ്യമന്ത്രിക്കുള്ള കത്തിൽ എം.എൽ.എ ഉൾക്കൊള്ളിച്ചിട്ടുണ്ട്.