പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വായനശാലകൾക്കും പുസ്തകങ്ങളും മറ്റു ഫർണിച്ചറുകളും നൽകുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിന് ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു.
നിയോജക മണ്ഡലത്തിലെ 15 ലൈബ്രറികൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ചു നൽകുന്ന പുസ്തകങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഘട്ടം ഘട്ടമായി മണ്ഡലത്തിലെ വായനശാലകൾ ഡിജിറ്റൽ ലൈബ്രറികൾ ആയി മാറ്റുന്നതിനും എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
നിയമസഭാ പുസ്തകോത്സവത്തിൽ നിന്നും 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വാങ്ങി ലൈബ്രറികൾക്ക് നൽകുന്നതിനാണ് അനുമതി ലഭ്യമായിരുന്നത്. അതിനാലാണ് അപേക്ഷിക്കുന്ന ലൈബ്രറികൾക്ക് മാത്രം പുസ്തകങ്ങൾ നൽകുവാൻ തീരുമാനിച്ചതെന്ന് എംഎൽഎ പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 90 പുസ്തകങ്ങൾ രചിച്ച തൊണ്ണൂറുകാരനായ ബാല സാഹിത്യകാരൻ സത്യൻ താന്നിപ്പുഴയ്ക്ക് നാടിൻ്റെ സമാദരം അർപ്പിച്ച ശേഷം ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിച്ച അൻപതോളം എഴുത്തുകാർക്ക് ശ്രേഷ്ഠ മലയാള പുരസ്കാരം നൽകി.
നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്ബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോ-ഓഡിനേറ്റർ ഇ.വി.നാരായണൻ പദ്ധതി പരിചയം നടത്തി. ജില്ലലൈബ്രറി കൗൺസിൽ തദേശ ഭരണസാരഥിയും നഗരസഭ കൗൺസിലറുമായ ടി.എം.സക്കീർ ഹുസൈൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.ജെ ബാബു, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, നഗരസഭ വൈസ് ചെയർപേഴ്സൻ ബീവി അബൂബക്കർ, സ്ഥിരം സമിതി അധ്യക്ഷൻ സികെ രാമകൃഷ്ണൻ, കൗൺസിലർമാരായ അനിത പ്രകാശ്, പി എസ് അഭിലാഷ്, ഷീബ ബേബി, കെ.ബി നൗഷാദ്, ഷമീന ഷാനവാസ്, ലത എസ് നായർ, സിന്ധു പി.എസ്, സാലിദ സിയാദ്, നഗരസഭ ലൈബ്രറി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഡീക്കൻ ടോണി മേതല എന്നിവർ പ്രസംഗിച്ചു.