പെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി കോളനികളുടെ നവീകരണത്തിനായി നടപ്പിലാക്കുന്ന അംബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടുവാൾ കോളനിയിൽ നടപ്പിലാക്കുന്നത്. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ ഇരുപതിമൂന്നാം വർഡിലാണ് കടുവാൾ കോളനി. ഇവിടെ നൂറിന് മുകളിൽ പട്ടിക ജാതി സമുദായത്തിൽപ്പെട്ട കുടുംബങ്ങൾ വസിക്കുന്നുണ്ട്. പെരുമ്പാവൂർ മണ്ഡലത്തിലെ വലിയ പട്ടിക ജാതി കോളനികളിൽ ഒന്നാണ് കടുവാൾ കോളനി.
പദ്ധതി പ്രകാരം 20 വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുകയും ഒൻപത് വീടുകൾക്ക് സംരക്ഷണ ഭീത്തി നിർമ്മിച്ചും നൽകുകയും ചെയ്യും. നിലവിലുള്ള അംഗണവാടിയിൽ പുതിയ ശുചിമുറി നിർമ്മിക്കും. കോളനിയിലെ അകത്തുള്ള റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിക്കുകയും കുടിവെള്ള സൗകര്യം ലഭ്യമല്ലാത്ത ആറ് കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷനുകളും നൽകുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ കെൽ ആണ് പദ്ധതിയുടെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്.
നഗരസഭ അദ്ധ്യക്ഷ സതി ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ നിഷ വിനയൻ, നഗരസഭ കൗൺസിലർ പി.എം അലി, മുൻ വാർഡ് കൗൺസിലർമാരായ ഷാജി സലിം, ജയ അരുൺകുമാർ, പട്ടികജാതി വികസന ഓഫിസർ രാജീവ് എസ്, കെൽ പ്രതിനിധികളായ പി.എ സുധീരൻ, രാജൻ വി, എസ്.സി പ്രമോട്ടർമാരായ സുമേഷ് കെ.കെ, സുബിൻ പി.എസ്, കെ. രാജൻ, അബ്ദുൽ നിസാർ എന്നിവർ സംബന്ധിച്ചു.