പെരുമ്പാവൂർ: ബൈപ്പാസ് രണ്ടാംഘട്ടം അലൈൻമെന്റ് തിരുവനന്തപുരം നടന്ന കിഫ്ബി മീറ്റിങ്ങിൽ അംഗീകാരമായതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.
ഓൾഡ് മൂവാറ്റുപുഴ റോഡിൽ നിന്നും ആരംഭിച്ച് ആലുവ മൂന്നാർ റോഡിലെ പാലക്കാട്ടുതാഴത്ത് അവസാനിക്കുന്ന വിധത്തിലാണ് രണ്ടാംഘട്ടം ബൈപ്പാസിന്റെ അലൈൻമെന്റ് അംഗീകാരമായത്. 2.370 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് രണ്ടാംഘട്ടത്തിൽ നിർമ്മിക്കപ്പെടുന്നത് 293 .14 കോടി രൂപയാണ് ബൈപ്പാസിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുക .മരുത് കവലയിൽ നിന്നും ആരംഭിച്ച് ഓൾഡ് മൂവാറ്റുപുഴ റോഡിൽ അവസാനിക്കുന്ന ഒന്നാംഘട്ട ബൈപ്പാസ് നിർമ്മാണ ജോലികളുടെ ടെൻഡർ ഇന്ന് (വെള്ളി 14/12/23 ) തുറക്കും .സാങ്കേതികമായ കാരണങ്ങളാൽ രണ്ടാം തവണയും ടെൻഡർ വിളിക്കേണ്ടിവന്നു എങ്കിലും റോഡ് നിർമ്മാണ രംഗത്ത് പ്രഗൽഭ്യം തെളിയിച്ച രണ്ടു നിർമ്മാണക്കമ്പനികൾ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടുണ്ട് . ബൈപ്പാസ് , എം സി റോഡിന് കുറുകെയാണ് കടന്നുപോകുന്നത് . ബൈപ്പാസ് നാലുവരി പാതയായി എലിവേറ്റഡ് ഹൈവേ ആയാണ് ഡിസൈൻ ചെയ്തിട്ടുള്ളത് .എംസി റോഡ് സന്ധിക്കുന്ന ഭാഗത്ത് എത്തുമ്പോൾ എലിവേറ്റഡ് ഹൈവേ എം സി റോഡിന്റെ ലെവലിൽ ഒപ്പം എത്തി കടന്ന് പോകും വിധത്തിലാണ് പുതിയ അലൈൻമെന്റിൽ സജ്ജീകരിക്കപ്പെടുന്നത് . ഇവിടെ പുതുതായി രൂപപ്പെടുന്ന ജംഗ്ഷൻ ആധുനിക രീതിയിൽ വിപുലപ്പെടുത്താനുള്ള പദ്ധതികളും അലൈൻമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇതോടെ എംസി റോഡിൽ നിന്നും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്നവർക്ക് പെരുമ്പാവൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് എത്താതെ പാലക്കാട്ടു താഴം വഴി ആലുവ ഭാഗത്തേക്കും , കോതമംഗലം ഭാഗത്തേക്ക് പോകുന്നവർക്ക് ഇരിങ്ങോൾ മരുത് കവല ഭാഗത്തേക്കും വേഗത്തിൽ എത്താൻ കഴിയും .ടൗണിലെ വാഹനത്തിരക്ക് ഗണ്യമായി കുറയ്ക്കാൻ ഇതുമൂലം കഴിയുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .