കോതമംഗലം: പെരിയാർ വാലി കനാലിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മുങ്ങിമരിച്ചു. പിണ്ടിമന അയിരൂർപ്പാടത്തിനു സമീപം തോളലിയിലാണ് സംഭവം. ഉത്തർപ്രദേശ് സഹരൻപൂർ സ്വദേശി ആജം (24) ആണ് മരിച്ചത്. ഭാര്യ നസ്രിനെ (19) ആണ് രക്ഷപ്പെടുത്തിയത്. പെരിയാർവാലി കനാലിൽ കുളിക്കാനെത്തിയതായിരുന്നു ഇരുവരും.വസ്ത്രം കഴുകുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപ്പെട്ട നസ്രിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആജം മുങ്ങിപ്പോയി. ബഹളം കേട്ടത്തിയ നാട്ടുകാർ നസ്രിനെ രക്ഷിച്ചു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആജമിനെ 500 മീറ്റർ മാറി കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. നസ്രിനെ നാട്ടുകാർ കോതമംഗലത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായ നസ്രിനെ വിദഗ്ധ ചികിത്സക്കായി എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആജമിൻ്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അയിരൂർപ്പാടത്ത് ഫർണ്ണിച്ചർ നിർമ്മാണ വർക്ക്ഷോപ്പിൽ തൊഴിലാളികളായിരുന്നു ഇരുവരും.
ചിത്രം : ആജം
