കോതമംഗലം: കാലവര്‍ഷം ശക്തിപ്രാപിച്ച് പെരിയാര്‍ കലങ്ങിയൊഴുകിയതും ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും മേഖലയില്‍ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. കനത്ത മഴയും ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ ഭാഗികമായി തുറന്നതും പെരിയാറിലെ നീരൊഴുക്കു വര്‍ധിപ്പിച്ചതോടെയാണു ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ തുറന്നു ജലനിരപ്പ് ക്രമീകരണം വേണ്ടിവന്നത്.
ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതും കരയില്‍ നിന്നും തോടുകളില്‍ നിന്നും ചെളി ഒഴുകിയെത്തി വെള്ളം കലങ്ങുകയും ചെയ്തതാണു പന്പിംഗ് നിലയ്ക്കാന്‍ കാരണം. ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് ഇന്നലെ 27.5 മീറ്ററായി താഴ്ന്നു. രണ്ട് ദിവസമായി മഴ ശക്തി കുറഞ്ഞതിനാല്‍ പെരിയാറില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ താഴ്ത്തി പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുകയും കലക്കല്‍ മാറുകയും ചെയ്താലേ ശുദ്ധജലവിതരണം സുഗമമാകയുള്ളു.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				