കോതമംഗലം : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ പ്രയോജനം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാതിരിക്കുകയും നേരിയ വില വര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിതഭാരം ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പകല്‍കൊള്ളയാണെന്ന് പി.ഡി.പി.നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ഹമീദ് പറഞ്ഞു. മാര്‍ച്ച് ,മെയ് മാസങ്ങളിലായി 16 രൂപയോളം നികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ കഴിഞ്ഞ 16 ദിവസങ്ങളിലായി 10 രൂപയോളം വിലവര്‍ദ്ധനയാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്പിച്ചത്. കോവിഡ് ദുരിതം പേറുന്ന രാജ്യത്തെ ജനതക്ക് ഇരട്ടി പ്രഹരമാണ് എണ്ണക്കന്പനികളുടെ ഇന്ധന വിലക്കയറ്റത്തിലൂടെ നേരിടേണ്ടി വരുന്നത്. ആത്മഹത്യയിലേക്കും പട്ടിണി മരണത്തിലേക്കും തള്ളിയിട്ട് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും എണ്ണക്കന്പനികളെ നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോള്‍ ,ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പി.ഡി.പി.മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനം കെട്ടിവലിച്ചുകൊണ്ട് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധം ടൗണ്‍ ചുറ്റി ഗവഃആശുപത്രി ജംഗ്ഷനില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി റഹീം അയിരൂര്‍പ്പാടം ,അസീസ് നാഗഞ്ചേരി,മൈക്കിള്‍ കോട്ടപ്പടി, പി.കെ.നിസാര്‍, ഖാദര്‍ ആട്ടായം,അഷറഫ് ബാവ,മുജീബ് മുകളേല്‍,സുബൈര്‍ പൂക്കുന്നേല്‍,വി.എം.ഷിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്കി.