കുട്ടമ്പുഴ: കുട്ടമ്പുഴ വില്ലേജിൽ ഏതാണ്ട് നൂറുവർഷങ്ങളോളം പഴക്കമുള്ള പട്ടയഭൂമിയിലെ, തേക്കടക്കം വരുന്ന, കർഷകർ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന മരങ്ങൾ മരിക്കുന്നതിന് വനംവകുപ്പ് ഏപ്രിൽ 30 മുതൽ കട്ടിങ് പെർമിറ്റ് കൊടുക്കുന്നില്ല. തികച്ചും കാർഷികമേഖലയായ ഈ പ്രദേശത്തെ കർഷകർക്ക് കനത്തപ്രഹരമായിരിക്കുകയാണ് വനംവകുപ്പിൻറ്റെ ഈ കിരാത തീരുമാനം. 2005 വരെ ഡി എഫ് ഒ യും, അതിനുശേഷം റേഞ്ച് ഓഫീസറോ, അസ്സിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡനോ കട്ടിങ് പെർമിറ്റ് കൊടുത്തുപോന്നിരുന്ന പ്രദേശമാണിത്. 2005 ൽ നിലവിൽവന്ന പ്രൊമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് സെക്ഷൻ 6 (1) പ്രകാരം, പട്ടയഭൂമിയോയിൽനിൽകുന്ന ചന്ദനം ഒഴികെയുള്ള എല്ലാമരങ്ങളും പട്ടയഉടമയ്ക്ക് മുറിക്കാമെന്നുള്ളനിയമം നിലനിൽക്കെയാണ് വനംവകുപ്പ്, നിയമസഭ പാസ്സാക്കിയിരിക്കുന്ന 2005 ആക്ടിന് പുല്ലുവിലകല്പിച്ചുകൊണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ വില്ലേജ് ഓഫീസിൽനിന്നു ലഭിക്കുന്ന, മരത്തിനെ സംബന്ധിക്കുന്ന ഓണർഷിപ്പ് സര്ടിഫിക്കറ്റിൻറ്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കട്ടിങ് പെർമിറ്റ് കൊടുക്കുന്നത്. ഇതിൽ തന്നെ പെർമിറ്റിനപേക്ഷിച്ചിരിക്കുന്ന മരം, പട്ടയം കൊടുത്തസമയത്ത് ഷെഡ്യൂളിൽ പെടുത്തി, റിസർവ് ചെയ്തീട്ടില്ലാത്ത മരമാണെന്നും, ഈ മരം ഓണറുടെ അവകാശത്തിലും അധികാരത്തിലും ഉള്ളതാണെന്നും സാക്ഷ്യപ്പെടുത്തിയാണ് വില്ലജ് ഓഫീസർ സർട്ടിഫിക്കറ്റ് തരുന്നത്. ഇങ്ങനെ കട്ടിങ് പെർമിറ്റ് കിട്ടി മുറിച്ചിട്ടിരിക്കുന്ന മരങ്ങളും ഇപ്പോൾ പാസ് കൊടുക്കാത്തതിൻറ്റെ പേരിൽ കൃഷിഭൂമിയിൽ കിടന്ന് നശിച്ചുപോകുന്ന അവസ്ഥയാണുള്ളത്. ഫ്‌ളൈയിങ് സ്കോഡ് ഡി എഫ് ഒ യുടെ വാക്കാൽ നിർദേശത്തിൻറ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നിയന്ത്രണം വന്നിരിക്കുന്നത് എന്നാണറിയാൻകഴിഞ്ഞത്.
ഒരുപട്ടയഭൂമിയെ സംബന്ധിച്ച്, റെവന്യൂ അധികാരികൾ നൽകുന്ന അധികാരികരേഖക്ക് വിലയില്ലായെന്നുള്ള നിലപാടുവന്നാൽ ഇവിടെ എങ്ങനെയാണ് ജീവിക്കാൻ കഴിയുക എന്നാണ് കർഷകർ ചോദിക്കുന്നത്. കുട്ടികളുടെ വിദ്യാഭാസത്തിനും, വിവാഹാവശ്യത്തിനും, വീടുപണിയുന്നതിനും, എന്തിനേറെ മാതാപിതാക്കളുടെ മരണാവശ്യത്തിനുപോലും മരംമുറിക്കാൻ കാത്തിരിക്കുന്ന സാധാരണ കർഷകരുള്ള നാടാണിത്. ഇതിനൊക്കെ തടസം നേരിട്ടാൽ അവൻറ്റെ ജീവിതത്തിൻറ്റെ താളമാണുതെറ്റുന്നത്. ജനപ്രതിനിധികളും, അധികാരികളും അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെട്ട്, വനംവകുപ്പിൻറ്റെ ഈ നടപടി തടഞ്ഞില്ലങ്കിപ്പോൾ അത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ജനസംരക്ഷണസമിതി മുന്നറിയിപ്പുനൽകി.