കോതമംഗലം ; പല്ലാരിമംഗലം സ്വദേശിനിയായ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർച്ച ചെയ്യാൻ ശ്രമിച്ചയാളെ റിമാന്‍റ് ചെയ്തു. പോത്താനിക്കാട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പല്ലാരിമംഗലം ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഫ്സൽ (32) നെയാണ് റിമാന്‍റ് ചെയ്തത്. വ്യാഴാഴ്ച്ച ഉച്ച സമയത്തായിരുന്നു സംഭവം. തുണികൊണ്ട് മുഖം മറച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി തനിച്ചായിരുന്ന വീട്ടമ്മയുടെ തലയിൽ കറുത്ത തുണി ഇട്ട ശേഷം ഇവരുടെ കാതിലിട്ടിരുന്ന മുക്കാൽ പവൻ വരുന്ന കമ്മൽ പറിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ അക്രമിയെ തള്ളിമാറ്റി ഇയാളുടെ മുഖം മറച്ചിരുന്ന തുണി ആവരണം നീക്കിയപ്പോൾ അവരെ ആക്രമിച്ച് അവിടന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍റ് ചെയ്തത്.
