കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പൈമറ്റം മണിക്കിണർ റോഡിനേയും മുവാറ്റുപുഴ ഊന്നുകൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണർ പാലത്തിന് 9.28 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഇവിടെ നിലവിലുള്ള പാലം വളരേയധികം കാലപ്പഴക്കം ചെന്നതും വീതി കുറഞ്ഞതും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നതും തീർത്തും അപകടാവസ്ഥയിലുള്ളതുമാണ്. ഈ പാലത്തിന് പകരം പുതിയ പാലം വേണമെന്നുള്ളത് പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു.ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
കോതമംഗലം പുഴയ്ക്ക് കുറുകെ രണ്ട് സ്പാനോട് കൂടി 51 മീറ്റർ നീളത്തിലും,11.05 മീറ്റർ വീതിയിലും രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന തരത്തിൽ ഫൂട് പാത്തോട് കൂടിയാണ് പുതിയ പാലം നിർമ്മിക്കുന്നത്.അതോടൊപ്പം പാലത്തിന് ഇരു വശത്തും അപ്രോച്ച് റോഡും നിർമ്മിക്കും.
പാലത്തിന്റെ അതിർത്തി നിശ്ചയിക്കുന്നതിനും,ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായും സാങ്കേതിക അനുമതി ലഭ്യമാക്കി വേഗത്തിൽ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും എംഎൽഎ അറിയിച്ചു.