കൊച്ചി : ഇരു ചക്ര വാഹനങ്ങളുടെ മത്സരം നിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ റെയ്‌സിന്റെ ഭാഗമായുള്ള പരിശോധനയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 102 കേസുകൾ. അപകടകരമായ ഡ്രൈവിംഗ്, രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ, കൃത്യമായി നമ്പറോ പെർമിറ്റോ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ, സിഗ്നൽ തെറ്റിച്ച വാഹനങ്ങൾ തുടങ്ങി നിരവധി കേസുകൾ ആണ് ജൂൺ 22 മുതൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രജിസ്ട്രേഷൻ മാർക്ക് രേഖപ്പെടുത്താതെ പൊതുസ്ഥലങ്ങളിലോ മറ്റിടങ്ങളിലോ വാഹനമുപയോഗിച്ച 43 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിയമ വിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തിയ 37 പേർക്കെതിരെ നടപടിയെടുത്തു. ട്രാഫിക് നിയമം തെറ്റിച്ച് അപകടരമായ ഡ്രൈവിങ്ങിന് മൂന്ന് പേർക്കെതിരെയും, അപകടകരമായ വേഗത്തിൽ റോഡിൽ വാഹനം ഓടിച്ച ഒരാൾക്കെതിരെയും , സിഗ്നൽ തെറ്റിച്ചു വാഹനമോദിച്ച എട്ട് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. മൊബൈൽ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച
പത്ത് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും, നിയമം ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.