കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും കിട്ടാതെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം വിപുലീകരിച്ചു. ഊന്നുകല്ലിലെ ആൾത്താമസമില്ലാത്ത വീടിനുപിന്നിലെ മാലിന്യ സംഭരണിയിൽ വെള്ളിയാഴ്ച ശാന്തയുടെ മൃതദേഹം കണ്ടെത്തിയതോടെ രാജേഷ് ഒളിവിൽ പോകുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ശാന്ത ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്താനായിട്ടില്ല. ഒളിവിൽ പോയ ദിവസം കോതമംഗലത്തെ ആക്‌സസറി ഷോപ്പിൽ സീറ്റ് കവർ മാറ്റാനായി ഏൽപ്പിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്. കാർ ഫൊറൻസിക് സംഘം പരിശോധിച്ചപ്പോൾ രക്തക്കറ കണ്ടെത്തി. ഇത് ശാന്തയുടെ രക്തംതന്നെയാണോയെന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ല. പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
