പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു. മെറ്റൽ, എം സാൻഡ് ഉൾപ്പെടെയുള്ള വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് കരാറുകാർ പിന്തിരിഞ്ഞു നിൽക്കുവാൻ കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ഈ മാസം 23 വരെയാണ് ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. 1.85 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പത്തുവർഷം മുമ്പാണ് അവസാനമായി ടാർ ചെയ്തത്. നിത്യേന നിരവധി ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് കൊണ്ട് റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.
75 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിലാണ് റോഡ് നവീകരിക്കുന്നത്ബി. എം ആൻഡ് ബിസി രീതിയിൽ ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനുള്ള തുകയായിരുന്നു ആവശ്യപ്പെട്ടത് എങ്കിലും ഫണ്ടിൻ്റെ അപരാപ്തത മൂലം പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിൽ റോഡ് പുനുദ്ധാരണത്തിനുള്ള തുകയാണ് അനുവദിക്കപ്പെട്ടതെന്ന് എംഎൽഎ പറഞ്ഞു. ഭാര വാഹനങ്ങൾ കടന്ന് പോകുന്നത് മൂലം സാധാരണ 20 എംഎം ചിപ്പിംഗ് കർപ്പറ്റ് രീതിയിൽ ടാറിംഗ് നടത്തിയാൽ റോഡ് നിലനിൽക്കില്ല. അത് കൊണ്ടാണ് കുറച്ചു കൂടി മെച്ചപ്പെട്ട പ്രീ മിക്സഡ് ക്ലോസ്ഡ് ഗ്രേഡഡ് രീതിയിൽ ടാറിംഗ് ചെയ്യുന്നതിന് തുക അനുവദിച്ചത്.
ബിഎം ആൻഡ് ബിസി ചെയ്യുകയോ അല്ലെങ്കിൽ പൂർണ്ണമായും ടാർ ചെയ്യുന്നതിനുള്ള തുക അനുവദിക്കുകയോ ചെയ്യണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പൊതു മരാമത്ത് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.