കോതമംഗലം: കോതമംഗലം ടൗണിലെ റോഡുകളിൽ സീബ്രാലൈനുകൾ ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ദേശീയപാതയുടെ ഭാഗമായ റോഡിൽ ടാറിംഗ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സീബ്രാലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല.ട്രാഫിക് സിഗ്‌നലുള്ള പി.ഒ. ജംഗഷനിൽ പോലും സീബ്രാലൈനുകളില്ല. ഇത് വാഹനങ്ങൾ നിറുത്തേണ്ട പരിധി അറിയാതെ മുന്നോട്ട് കയറി നിർത്തുന്നതിനും കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രയാസമുണ്ടാക്കുന്നതിനും കാരണമാകുന്നു. സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുന്നു. പലപ്പോഴും അവർ തോന്നിയ ഭാഗങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് അപകടസാദ്ധ്യത ഉണ്ടാക്കുന്നു. തിരക്കേറിയ സമയങ്ങളിൽ പോലും ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സേവനം പലപ്പോഴും ലഭിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
വഴിവിളക്കുകൾ കത്താതെ ഇരുട്ടിൽറോഡുകളിലെ വഴിവിളക്കുകൾ കത്താത്തതും പ്രശ്‌നമാണ്. കടകൾ അടച്ചുകഴിഞ്ഞാൽ ടൗണിന്റെ പല ഭാഗങ്ങളിലും കൂരിരുട്ടാകും. ഇത് രാത്രിയാത്ര ബുദ്ധിമുട്ടാക്കുന്നതിനൊപ്പം പ്രദേശങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാക്കുന്നു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
