കോതമംഗലം: വിവാഹ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് രോഗികൾക്ക് ഭക്ഷണവുമായി പുതുവിവാഹിത ദമ്പതികൾ. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഹംഗർ ഫ്രീ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ മഹത്തായ പദ്ധതിയുടെ ഭാഗമായത്, പുതുവിവാഹിതരായ ഇരട്ട സഹോദരന്മാരും അവരുടെ ഭാര്യമാരുമാണ്. കണ്ണാപ്പിള്ളി ഹാരിസിന്റെയും റജീഫ യുടെയും ഇരട്ട കുട്ടികളും അവരുടെ പങ്കാളികളുമായ അർഷക് – സന, ആദിൽ – ജിസ്സ എന്നീ ദമ്പതികളാണ്
വിവാഹത്തിന്റെ സന്തോഷ നിമിഷങ്ങൾ സ്വന്തം കുടുംബത്തിലൊതുക്കാതെ, രോഗികൾക്കായി ഭക്ഷണം വിളമ്പിക്കൊണ്ട് ആശുപത്രിയിലെത്തിയത്.
കോതമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ഗവൺമെന്റ് ഹോസ്പിറ്റലിൽ മൂന്നുനേരവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ ഒന്നരവർഷക്കാലമായി സൗജന്യമായി ഭക്ഷണം നൽകിവരുന്നുണ്ട്.
സുമനസ്സുകളായ നാട്ടുകാർ, വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവരാണ് ഹംഗർ ഫ്രീ ഹോസ്പിറ്റൽ എന്ന പദ്ധതിക്ക് ദൈനംദിന പ്രവർത്തിക്കായി പണം നൽകി വരുന്നത്.
ഹോസ്പിറ്റലിനുള്ളിൽ നവീകരിച്ച അടുക്കളയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്..
പിറന്നാൾ, വിവാഹം, വിവാഹ വാർഷികം, ഓർമ്മദിനം തുടങ്ങിയ ജീവിതത്തിലെ വലിയ ആഘോഷങ്ങൾ സേവനത്തിലൂടെ അർത്ഥവത്താക്കാൻ സഹൃദയരായവർ എല്ലായിപ്പോഴും ഇവിടേക്ക് കടന്നു വരാറുണ്ട്.
മറ്റുള്ളവർക്കു കൂടി പ്രചോദനമാവാൻ വേണ്ടിയാണ് തങ്ങളും ഈ പദ്ധതിയുടെ ഭാഗമാകാൻ എത്തിയതെന്ന് ഇരട്ട സഹോദരങ്ങളിലൊരാളായ അർഷക് പറഞ്ഞു. കൂടുതൽ ആളുകൾ ഈ പദ്ധതിയുടെ ഭാഗമാകണമെന്നും നമ്മുടെ സന്തോഷദിനങ്ങളിൽ രോഗികളെക്കൂടി ചേർത്തുനിർത്തുന്നതിന് ഇത്തരം ചടങ്ങുകൾ പ്രചോദനമാകുമെന്നും ആശുപത്രി സൂപ്രണ്ട് Dr സാം പോൾ പറഞ്ഞു.
