കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35) യാണ് കൊല്ലപ്പെട്ടത്. പമ്പ് ജംഗ്ഷന് സമീപമുള്ള ലോഡ്ജിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ഇവർ മുറിയെടുത്തത്. തുടർന്ന് വഴക്കുണ്ടാവുകയും ബിനു അഖിലയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെടുകയും അത് തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐമാരായ നന്ദകുമാർ, ബി.എം ചിത്തുജി, എൽദോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
