നേര്യമംഗലം : കൊച്ചി-കുമളി പ്രധാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും, ഉൽഘാടനം നടത്തുകയും ചെയ്തെങ്കിലും പണി മാത്രം തുടങ്ങിയില്ല എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മൂന്ന് സ്കൂളുകൾ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ ഉള്ളതും ബസ് സർവ്വീസുകൾ, വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്നതുമായ ഈ റോഡിന് എന്ന് ശാപമോക്ഷം ലഭിക്കുമെന്നുള്ള ആശങ്കയാണ് പരിസരവാസികളെ സമര മാർഗ്ഗത്തിലേക്ക് ഇറക്കിയത്. പണിഇപ്പോൾ തുടങ്ങും എന്ന വാഗ്ദാനം നൽകിയാണ് കരാറുകാരനും അധികാരികളും ജനപ്രതിനിധികളും പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടൽ നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
2018ൽ കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 28 കോടി രൂപ അനുവദിച്ചിരുന്നു. 2019 ഓഗസ്റ്റ് ഒൻപതിന് റോഡ് നിർമാണോദ്ഘാടനവും നടത്തി. റീ ടാറിംഗിനായി റോഡ് പലയിടത്തു കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ പൊടിശല്യവും രൂക്ഷമായി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ റോഡിൽ നിരത്തിയിരിക്കുന്ന മണലിലും ചരലിലും വീഴുന്നത് നിത്യ സംഭവമായി. ഫണ്ട് അനുവദിച്ച് നിർമാണോദ്ഘാടനം നടത്തിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും റോഡ് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരികാണാമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ പരിസരവാസികൾ റോഡ് ഉപരോധിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തിയത്.