കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ വാനരകൂട്ടത്തിന്റെ ചിത്രം പകർത്തവേ വിനോദ സഞ്ചാരിയായ യുവാവിന് കൊക്കയിൽ വീണ് പരിക്കേറ്റു. കൊച്ചി – ധനുഷ്കോടി ദേശീയ പാതയോരത്ത് നേര്യമംഗലം ചീയപാറ കുത്തിലാണ് അപകടം. വാനര കൂട്ടത്തിൻ്റെ ചിത്രം എടുക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. എറണാകുളം മുരിക്കുംപാടം സ്വദേശി അനൂപ് (30) നാണ് പരിക്കേറ്റത്.തലയ്ക്ക ഗുരുതരമായി പരിക്കേറ്റ അനൂപിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബുധൻ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ നേര്യമംഗലം വനമേഖലയിലെ ചീയപാറ വെള്ളച്ചാട്ടത്തിന് സമീപത്തു വച്ചാണ് യുവാവ് അപകടത്തിൽ പെട്ടത്. ഇയാളുടെ സുഹൃത്ത് ആയ ഫ്രഡിയോടൊപ്പം മൂന്നാർ സന്ദർശിച്ചതിന് ശേഷം തിരികെ എറണാകുളത്തിന് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചീയപാറ വെള്ളചാട്ടത്തിന് സമീപത്ത് എത്തിയപ്പോൾ റോഡരുകിൽ മരങ്ങളിൽ നിരവധി കുരങ്ങുകൾ ഇരിക്കുന്നത് കണ്ടു. ഇത് കണ്ട് കൗതുകം തോന്നിയതോടെ കാർ നിർത്തി അനൂപ് ഫോണുമായി വാനര കൂട്ടത്തിൻ്റെ ചിത്രം എടുക്കാൻ റോഡിൻ്റെ സംരക്ഷണ ഭിത്തിയിൽ കയറി. മഴ മൂലം പായൽ പിടിച്ച് കിടന്ന കൽകെട്ടിൽ നിന്നും 100 അടി താഴ്ചയിലേക്ക് കാൽ തെന്നി ഇയാൾ വീഴുകയായിരുന്നു. വീഴ്ച്ചയിൽ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അര മണിക്കൂറോളം ഇയാൾ കൊക്കയിൽ ചോര വാർന്ന് കിടന്നു. രക്ഷിക്കാൻ യാത്രക്കാർ ആരും കൊക്കയിലേക്ക് ഇറങ്ങാൻ തയ്യാറായില്ല. നാട്ടുക്കാർ പോലും ഫയർഫോഴ്സ് എത്തിയപ്പോഴാണ് അപകട വിവരം അറിയുന്നത്.
15 കിലോമീറ്റർ അകലെ അടിമാലിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അനൂപിനെ റോഡിൽ എത്തിച്ചത്. ഫയർഫോഴ്സിൻ്റെ ആബുലൻസിൽ തന്നെയാണ് ഇയാളെ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 20 കിലോമീറ്റർ ഒരു വശം മൺതിട്ടയും എതിർവശം അഗാദമായ ഗർത്തവുമാണ്. കാറിൽ അനൂപും, ഫ്രഡിയും മാത്രമാണ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അനൂപ് അബോധാവസ്ഥയിൽ തന്നെയാണ്. അപകട നില തരണം ചെയതിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന യുവാവിനെ വിവരങ്ങൾ ചോദിച്ച് അറിയുന്നതിനായി അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.