നേര്യമംഗലം : നേര്യമംഗലം – പനംകൂട്ടി- ഇടുക്കി സംസ്ഥാന പാതയിൽ നേര്യമംഗലം മുതൽ പനംകൂട്ടി വരെയുള്ള ഭാഗത്തെ കാടും പടലും വാഹന യാത്രികർക്ക് ദുരിതമാകുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യമുള്ള റോഡിൽ പടർന്നു കിടക്കുന്ന ഈറ്റക്കാടുകളും മറ്റും യാത്രക്കാരുടെ കാഴ്ച മറയ്ക്കുകയാണ്. കരിമണൽ മുതൽ പാംബ്ല വരെയുള്ള ഭാഗത്താണ് കൂടുതലായി ഈറ്റക്കാടുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്.
നേര്യമംഗലം വാളറ വനമേഖലയുടെ ഭാഗമായ ഇവിടെ കാട്ടാനകളുടെ സാന്നിധ്യവും ഉണ്ട്. രാത്രികാലങ്ങളിൽ റോഡിലേക്കു ചാഞ്ഞുനിൽക്കുന്ന ഈറ്റക്കാടുകളുടെ മറവിൽ കാട്ടാന നിന്നാൽ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നു പതിവു യാത്രക്കാർ പറയുന്നു. വനം വകുപ്പാണ് കാട്ടുചെടികൾ വെട്ടിത്തെളിക്കുന്നതിനു തടസ്സം നിൽക്കുന്നതെന്ന് ആരോപണമുണ്ട്.
നേര്യമംഗലം മുതൽ പനംകുട്ടി വരെയുള്ള പാത അടുത്ത നാളിലാണ് പുതുക്കിപ്പണിതത്. ഇതോടെ വാഹനങ്ങൾക്കു വേഗവും കൂടി. കൊടും വളവുകൾ നിറഞ്ഞ പാതയിൽ റോഡിലേക്കു മറിഞ്ഞുനിൽക്കുന്ന കാടും ഈറ്റകളും അപകടങ്ങൾക്കു കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് വാഹന യാത്രികർക്കു സുരക്ഷ ഒരുക്കണം എന്നാണ് ആവശ്യം.