നേര്യമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന റാണി കല്ല് അവഗണയിൽ.തിരുവിതാം കൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മി ഭായ് 1935ൽ സ്ഥാപിച്ച ശീലഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ രാജഭരണകാലത്തിന്‍റെ ഓര്‍മപ്പെടുത്തലുകളില്‍ ഒന്നായ നേര്യമംഗലത്തിന് സമീപത്തെ ഈ റാണിക്കല്ലും പരിസരവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തിലാക്കാന്‍ നടപടി വേണമെന്നാണാവശ്യം. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് സമീപമാണ് രാജഭരണകാലത്തിന്‍റെ അടയാളപ്പെടുത്തലായി റാണിക്കല്ല് സ്ഥാപിച്ചത്. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മപ്പെടുത്തലായി നിലകൊള്ളുന്ന ഈ ശിലാഫലകം ഹൈറേഞ്ചിലേക്ക് ആദ്യമായി എത്തുന്നവരുടെ ശ്രദ്ധയില്‍പെടാറില്ല.
റാണിക്കല്ലിന്റെ ചരിത്രം ഓര്‍മപ്പെടുത്താനോ അറിയിക്കാനോ തക്കസൂചനകള്‍ ഒന്നും പ്രദേശത്തില്ലാത്തതാണ് സഞ്ചാരികളായെത്തുന്നവര്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള പ്രധാന കാരണം. റാണിക്കല്ലും പരിസരവും സഞ്ചാരികളെ ആകര്‍ഷിക്കും വിധം മനോഹരമാക്കിയാല്‍ ഇവിടം സഞ്ചാരികളുടെ ഇടത്താവളമാകുമെന്നതിനൊപ്പം രാജഭരണകാലത്തിന്‍റെ ഓര്‍മപ്പെടുത്തലിനുള്ള അവസരവുമാകും.
നേര്യമംഗലത്തുനിന്ന് ഹൈറേഞ്ചിലേക്കുള്ള റോഡ് നിര്‍മാണത്തിന്‍റെ സ്മരണാര്‍ഥം 1935ല്‍ റാണി ലക്ഷ്മി ഭായി ആയിരുന്നു ഇവിടെ ഫലകം സ്ഥാപിച്ചത്. വാഹനങ്ങള്‍ നിര്‍ത്താനും ചിത്രങ്ങള്‍ പകര്‍ത്താനും വേണ്ടുവോളം ഇടമുള്ള റാണിക്കല്ലിന് സമീപം പേരിനെങ്കിലുമൊരു ഉദ്യോനം സ്ഥാപിച്ചാല്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവവും അറിവുമാകും. മാലിന്യം തള്ളല്‍ വിലക്കി ബോര്‍ഡുണ്ടെങ്കിലും റാണിക്കല്ലിന് പരിസരം അത്രക്കൊന്നും വൃത്തിയും വെടിപ്പുമുള്ളതല്ല. പോയകാലത്തിന്‍റെ ഓര്‍മകള്‍ പുതുതലമുറക്ക് നല്‍കാനെങ്കിലും റാണിക്കലിന് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ആവശ്യം.