കവളങ്ങാട്: നേര്യമംഗലം കൃഷിഫാമിൽ നെടുനേന്ത്രൻ ടിഷ്യൂ കൾച്ചർ വാഴ വിതരണത്തിനൊരുങ്ങി. 25000 വാഴ തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു കോടി ഫലവൃക്ഷത്തൈ വിതരണത്തിന്റെ ഭാഗമായാണ് ടിഷ്യു കൾച്ചർ ഇനം വാഴയും പരീക്ഷിക്കുന്നത്. വലിയ കുലകൾ ലഭിക്കുമെന്നതും പിന്നീടുണ്ടാകുന്ന വാഴ കന്നുകൾക്ക് ഇതേ ഗുണനിലവാരമുണ്ടാകുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
കാർഷിക സർവകലാശാല വൈറ്റില ഗവേഷണ കേന്ദ്രത്തിൽ നിന്നും ടിഷ്യൂ കൾച്ചർ ബോട്ടിലിൽ എക്‌സ് അഗർ പ്ലാന്റ്‌സ് കൊണ്ടുവന്നശേഷം ഇതിൽ നിന്നും വിത്തുകൾ അടർത്തിയെടുത്ത് അണുവിമുക്തമാക്കിയ മണലിൽ പോളിത്തീൻ കവറിലാണ്് ഇവകൾ പാകുന്നത്. മൂന്നാഴ്ച വളർച്ചയെത്തിയ ശേഷമാണ് വിതരണത്തിനെടുക്കുക. ഫാമിലെ കൗണ്ടർ വഴിയും ജില്ലയിലെ എല്ലാ കൃഷിഫാമുകൾ വഴിയും വിതരണം ചെയ്യും. വളർച്ചയെത്തിയ തൈകൾ വിതരണം ആരംഭിച്ചതായും നേര്യമംഗലം ഫാമിൽ രണ്ടുവർഷത്തിനുള്ളിൽ ടിഷ്യു കൾച്ചർ ലാബ് പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാം സൂപ്രണ്ട് സൂസൻ ലീ തോമസ് പറഞ്ഞു.
Caption : നേര്യമംഗലം ഫാമില്‍ ടിഷ്യു കള്‍ച്ചര്‍ വാഴ വിതരണത്തിനൊരുക്കുന്നു