കോതമംഗലം : ജനങ്ങളുടെ പരിപാടിയാണ് നവ കേരള സദസ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. നവകേരള സദസിന്റെ കോതമംഗലം നിയോജകമണ്ഡലതല സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ നേരിട്ട് കേൾക്കുന്നതിന് ഒരു മന്ത്രിസഭയാകെ ഓരോ നിയോജകമണ്ഡലങ്ങളിലും എത്തുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നുമുള്ള ജനങ്ങളെ പരിപാടിയുടെ ഭാഗമാക്കണം.
കുടുംബശ്രീ, റെസിഡന്റസ് അസോസിയേഷനുകള്‍, ഫ്‌ളാറ്റ് അസോസിയേഷനുകള്‍, ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, സാമുദായിക സംഘടനകള്‍, ക്ലബുകള്‍ , സാംസ്‌കാരിക സംഘടനകള്‍, ലൈബ്രറികള്‍, മഹിളാ സംഘടനകള്‍, കര്‍ഷക സംഘങ്ങള്‍, വ്യാപാരി വ്യവസായി സമിതികള്‍, വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, സ്‌കൂള്‍ -കോളേജ് പി.ടി.എകള്‍, ഹരിത കര്‍മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, മത്സ്യ മേഖല തൊഴിലാളികള്‍ തുടങ്ങിയ ഓരോ വിഭാഗങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കണം.
ആരെയും ഒഴിവാക്കുകയല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുകയാണ് സർക്കാരിന്റെ നയം. പരമാവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കി കോതമംഗലത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവമാക്കി പരിപാടിയെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പ്രാദേശിക തല സംഘാടകസമിതികളുടെയും വിവിധ സബ് കമ്മിറ്റികളുടെയും വകുപ്പുകൾക്ക് നൽകിയിട്ടുള്ള ചുമതലകളുടെയും പ്രവർത്തന പുരോഗതി വിലയിരുത്തി.
കോതമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യു,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖദീജ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദാ സലിം,സബ് കമ്മിറ്റി കൺവീനർമാരായ കെ എ ജോയി,പി ടി ബെന്നി,അവലോകനയോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. സംഘാടകസമിതി ജനറൽ കൺവീനർ തഹസിൽദാർ റെയ്ചൽ കെ വർഗീസ് സ്വാഗതവും ജോയിൻ കൺവീനർ കെ എം നാസർ നന്ദിയും പറഞ്ഞു.