കോതമംഗലം: ഭൂതത്താൻകെട്ട് തുണ്ടം വനമേഖലയിൽ സിനിമ ചിത്രികരണത്തിന് കൊണ്ടുവന്ന നാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി. തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച ആനകളാണ് ഏറ്റുമുട്ടിയത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറി.
റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും വനത്തിലേക്ക് കയറി പോയി. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.



























































