കോതമംഗലം: കുട്ടമ്പുഴ ഉരുളന്‍തണ്ണി വെട്ടിക്കല്‍ പരേതനായ പൗലോസിന്റെ മകന്‍ റോയി (50)യുടെ മരണത്തില്‍ ദുരൂഹത. ഒപ്പം മദ്യപിച്ച സുഹൃത്ത് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതായി സംശയിക്കുന്നുവെന്ന് റോയി ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.ഇതാണ് ദുരൂഹതക്ക് കാരണം. സുഹൃത്തിനെ കുട്ടമ്പുഴ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. റോയിയുടെ മരണം വിഷം ഉള്ളില്‍ചെന്നതുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ സൂചന. ആന്തരീകാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം പോലിസിന് ലഭിക്കുകയുള്ളു.
ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് റോയി മരിച്ചത്. ഞായറാഴ്ചയാണ് സുഹൃത്തിനോടൊപ്പം മദ്യപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തേതുടര്‍ന്ന് വീട്ടുകാര്‍ തിങ്കളാഴ്ച റോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം (വ്യാഴാഴ്ച 02/10/25 ) രാവിലെ 10ന് കുറ്റിയാംചാല്‍ സെന്റ്. ജോര്‍ജ് സീനായികുന്ന് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തി. അവിവാഹിതനാണ്.
റോയിയും സുഹൃത്തും തമ്മില്‍ മു്മ്പ് ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും പോലിസ് അന്വേക്ഷിക്കുന്നുണ്ട്. മദ്യപിക്കുന്നതിനായി ഇരുവരും ഒത്തുചേര്‍ന്ന പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലിസ് പരിശോധിച്ചു വരികയാണ്.
മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങള്‍ : ബേബി, ഷേര്‍ലി, ഷാജു (ബാംബൂ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ ), ബെന്നി, സിന്ധു, ജോമി (എം. എ. കോളേജ് ഓഫീസ് ജീവനക്കാരന്‍ )
