മുവാറ്റുപുഴ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ വച്ചാണ് യുവതിക്ക് കുത്തേറ്റത്. തുടർന്ന് റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. തുടർന്ന് ഇയാളെ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
തൊടുപുഴ സ്റ്റേഷൻ പരിധിയിയിൽ പോക്സോ കേസിൽ പ്രതിയായ ഇയാൾ രണ്ടു ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കുത്തേറ്റ സ്ത്രീ പ്രതിക്കെതിരെ മുവാറ്റുപുഴ സ്റ്റേഷനിൽ നേരത്തെ പരാതിനൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തതിന്‍റെ വൈരാഗ്യമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണം. പോലീസ് സംഘത്തിൽ മുവാറ്റുപുഴ ഇൻസ്‌പെക്ടർ കെ.എൻ.രാജേഷ്, എസ്ഐ ഷീല, എ എസ് ഐ സുഭാഷ് തങ്കപ്പൻ, സീനിയർ സി പി ഒമാരായ രാമചന്ദ്രൻ, അനസ്, ഇബ്രാഹിംകുട്ടി, ബിബിൽ മോഹൻ, സുഭാഷ്കുമാർ, ജിസ്മോൻ, സജേഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
