മുവാറ്റുപുഴ : മുവാറ്റുപുഴ പെഴക്കാപിള്ളിയിലെ ആശുപത്രിയിൽ നേഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസപെടുത്തിയ കേസിലെ പ്രതി പിടിയിൽ. കുന്നംകുളം തലക്കോട്ട് കര ചിറനല്ലൂർ നാലകത്തു വീട്ടിൽ ഇപ്പോൾ മുപ്പത്തടം എലൂർകരയിൽ ജയം അപാർട്മെന്റ് സി-1 ഫ്ലാറ്റിൽ താമസിക്കുന്ന നിഷാദ് മുഹമ്മദ് (36) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയെ സന്ദർശിക്കാനെത്തിയ ഇയാൾ ആശുപത്രിയിൽ ആക്രമണം നടത്തുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതി ബാംഗ്ലൂർ, രാജസ്ഥാനിലെ അജ്മിർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മലേഷ്യയിൽ ഷെഫ് ആയ പ്രതി പോലീസ് അന്വേഷണം ഭയന്ന് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് പിടിയിലായത്. മലയ് മല്ലുസ് എന്ന പേരിൽ യു ടൂബ് ചാനൽ നടത്തുന്ന ഇയാൾക്കെതിരെ ബിനാനിപുരം സ്റ്റേഷനിലടക്കം കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ് ഐ മാരായ കെ.കെ.രാജേഷ്, എസ്.എൻ.ഷീല, അസിസ്റ്റൻറ് സബ് ഇൻസ്‌പെക്ടർ പി.സി.ജയകുമാർ, സീനിയർ സിപിഓമാരായ രാമചന്ദ്രൻ, ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
