കോതമംഗലം : കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെയുണ്ടായ വധഭീഷണിക്കെതിരെ കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ അലയടിച്ചു. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാർക്സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണിയുണ്ടായത്. പുരോഗമന കലാസാഹിത്യ സംഘം ഇളംബ്ര യൂണിറ്റിന്റെയും ഐശ്വര്യ കലാകേന്ദ്രം ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി എം പരീത് ഉദ്ഘാടനം ചെയ്തു. പു.ക.സ ഇളബ്ര യൂണിറ്റ് പ്രസിഡന്റ് കെ ജെ രാജൻ അധ്യക്ഷത വഹിച്ചു. പു.ക.സ യൂണിറ്റ് സെക്രട്ടറി കെ കെ സുകു സ്വാഗതം പറഞ്ഞു. ഇ എസ് അബ്ദുൽഖാദർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പു ക സ കോതമംഗലം മേഖലാ സെക്രട്ടറി എൻ ആർ രാജേഷ്, ജോയിന്റ് സെക്രട്ടറി ജെസിൽ തോട്ടത്തിക്കുളം , പീറ്റർ പാലക്കുഴി, അബ്ദുൽ ഖാദർ, കെ കെ ശശി, സൂരജ് സുകു, റാബി അബ്ദുൾ ഖാദർ എന്നിവർ നേതൃത്വം നൽകി. പുരോഗമന കലാ സാഹിത്യ സംഘം കോട്ടപ്പടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേറങ്ങനാൽ കവലയിൽ വച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമം നടത്തി. സുരേഷ് കോട്ടപ്പടി, അഖിൽ സുധാകരൻ, നിധിൻ മോഹനൻ, ജിത്തു ഗോപി, ലിത ടി പോൾ, മെറ്റിൻ മാത്യു, വിഷ്ണു, സുരേഷ് എന്നിവർ പങ്കെടുത്തു.
പുരോഗമന കലാസാഹിത്യ സംഘം നെല്ലിക്കുഴി യുണിറ്റും, നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയും സംയുക്തമായി മുരുകൻ കാട്ടാക്കടക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു. പു ക സ നെല്ലിക്കുഴി യൂണിറ്റ് പ്രസിഡന്റ് പീറ്റർ പാലക്കുഴി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ ബി ജമാൽ, എം കെ ബോസ്, കെ കെ സുകു തുടങ്ങിയവർ പങ്കെടുത്തു.