കോതമംഗലം: കൊറോണ വ്യാപനമൊന്നും പള്ളി കൈയ്യേറ്റത്തിന് തടസ്സമല്ലെന്ന സന്ദേശം നൽകി കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്സ് സഭ. കാലങ്ങളായി യാക്കോബായ വിശ്വാസികൾ ആരാധന നടത്തി വരുന്ന മുള്ളരിങ്ങാട് സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ് കൊറോണക്കാലത്ത് കൈയ്യേറുന്നതിന് ഓർത്തഡോക്സ് വിഭാഗം അനുകൂല വിധി സ്വന്തമാക്കിയത്.
യാക്കോബായ വിഭാഗത്തിൻ്റെ പൂർണ്ണ നിയന്ത്രണത്തിലിരിക്കുന്ന പള്ളിയിൽ 2020 ജൂൺ 16 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് ഓർത്തഡോക്സ് വിഭാഗത്തിന് പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണയിൽ അഞ്ച് പേർ എത്തുമെന്നാണ് ലഭ്യമായ വിവരം. നൂറ്റിഎൺപത്തി അഞ്ച് കുടുംബങ്ങളെ ഇറക്കിവിട്ട് ഇടവകയിൽ കലഹമുണ്ടാക്കി പുറത്ത് പോയ ഒരു കുടുംബത്തിന് വേണ്ടി പള്ളി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന വ്യക്തമായ നിലപാടിലാണ് പള്ളിയുടെ പൂർണ്ണ നിയന്ത്രണമുള്ള യാക്കോബായ വിഭാഗം.
യാക്കോബായ വിശ്വാസിയായിരുന്ന ജോർജ് പൗലോസ് എന്ന വ്യക്തി 2004ൽ ഓർത്തഡോക്സ് വിഭാഗത്തിലേക്ക് ചേക്കേറിയതാണ്. ഇതിന് ശേഷമാണ് 185 കുടുംബങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന തരത്തിൽ ജോർജ് പൗലോസും മറ്റ് മൂന്ന് വ്യക്തികളും ചേർന്ന് 2006ൽ തൊടുപുഴ മജിസ്ടേറ്റ് കോടതിയിൽ കേസ് നൽകിയത്. 2007ൽ ഈ കേസ് പള്ളി കോടതിയിലേക്ക് മാറ്റി. ഈ കേസിലാണ് ഇപ്പോൾ ഓർത്തഡോക്സ് പക്ഷത്തിന് വിധി ലഭിച്ചത്. സഭാ തർക്കത്തിൽ 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്.
കൊറോണയുടെ വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ പോലീസ് സംരക്ഷണയിൽ എത്തുന്നവരെ തടയുന്നതിനായി യാക്കോബായ വിഭാഗത്തിലെ വിശ്വാസികൾ പള്ളിയിലെത്തുവാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളി പിടിച്ചെടുക്കലുമായി മുന്നോട്ട് പോകുന്നത്. പക്ഷേ പള്ളി നഷ്ടപ്പെടുത്തുവാൻ തയ്യാറല്ലെന്ന പ്രഖ്യാപനം യാക്കോബായ പക്ഷത്തിൻ്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യാക്കോബായ സഭയുടെ ഈ പള്ളി പിടിച്ചെടുക്കുവാൻ ഓർത്തഡോക്സ് വിഭാഗത്തിന് സാധിച്ചാൽ സമീപകാലത്ത് മറ്റ് പള്ളികളിലും ഭരണഘടന മറയാക്കി പള്ളിയുടെ യഥാർത്ഥ അവകാശികളെ പുറത്താക്കി പള്ളികൾ പിടിച്ചെടുക്കുന്നതിനുള്ള സാധ്യതയേറെയുണ്ട്.