കുട്ടമ്പുഴ : കൃഷിയിടങ്ങളിൽ വാനരപ്പട അഴിച്ചുവിടുന്ന ശല്യം കാരണം കൃഷി ചെയ്ത് ഉപജീവനം നടത്താനാകാതെ വലയുകയാണ് കുട്ടമ്പുഴയിലേയും സമീപ പ്രദേശങ്ങളിലെയും കർഷകർ. നാണ്യവിളകൾ കൂട്ടമായെത്തുന്ന കുരങ്ങുകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ചയോടെയാണ് കർഷകൻ തന്റെ പ്രഭാതം ആരംഭിക്കുന്നത്. കൂട്ടത്തിൽ അധികവും പ്രതിസന്ധി നേരിടുന്നത് നാളികേര കർഷകരാണ്. നാളികേരം വെള്ളയ്ക്കയായിരിക്കുമ്പോൾ തന്നെ കുരങ്ങുകൾ ഇവയുടെ വെള്ളം കുടിച്ച ശേഷം വലിച്ചെറിയും. വിളവെടുക്കുവാൻ പരുവത്തിലുള്ള നാളികേരം ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്.
നാളികേരം കൂടാതെ പുളി, ചക്ക, മാങ്ങ, വാഴ, പപ്പായ, പച്ചക്കറികൾ എന്നിവയും ഇവർ നശിപ്പിക്കുക പതിവാണ് എന്ന് ഫ്രാൻസിസ് ചാലിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കൂട്ടമായി വന്ന കുരങ്ങുകൾ ഫ്രാസിസിന്റെ കൃഷിയിടത്തെ തെങ്ങിലെ പരുവമാകാത്ത തേങ്ങകൾ എല്ലാം നശിപ്പിച്ചിരിക്കുകയാണ്. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് കുരങ് ശല്യം കൂടുതൽ. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ മരിച്ചീനി, വാഴകൾ എന്നിവ കുത്തിമറിച്ചിടാറാണ് പതിവ്. ഇതെല്ലാം നിസ്സഹായനായി നോക്കി നൽക്കാൻ മാത്രമേ കർഷകന് കഴിയുന്നുള്ളൂ. വനം വകുപ്പ് കുരങ്ങുകളെ പിടിക്കാനുള്ള കൂടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.