കോതമംഗലം: നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒളിവിൽ പോയിരുന്ന കുടുംബത്തിനെ പോലീസ് കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് വെളുപ്പിന് പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി എന്ന പ്രദേശത്ത് ഒൻപത് മാസം മുൻപാണ് പെരുമ്പാവൂർ ഒക്കൽ നിവാസികളായ ഇവർ സ്ഥലം വാങ്ങി വീട് വെച്ച് താമസം തുടങ്ങിയത്. ഇതിന് ശേഷമാണ് സുഹൈലും മോഫിയയും തമ്മിൽ വിവാഹം നടന്നത്. ഗാർഹിക പീഢനം, ആത്മഹത്യപ്രേരണ , സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ആണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.