കോതമംഗലം : “മോഡേൺ ഗ്യാസ് ക്രമിറ്റോറിയം” – ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു.കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറിയിലാണ് മോഡേൺ ഗ്യാസ് ക്രമറ്റോറിയത്തിനായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.കോതമംഗലം നഗരസഭ വിലകൊടുത്ത് വാങ്ങിയ 3 ഏക്കർ സ്ഥലത്തിൽ 65 സെന്റ് സ്ഥലത്താണ് ക്രമിറ്റോറിയം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുള്ളത്.4 കോടി രൂപ ചെലവ് വരുന്ന ഗ്യാസ് ക്രമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി രൂപരേഖക്ക് കിഫ്‌ബിയുടെ അംഗീകാരം ലഭ്യമായിട്ടുണ്ട്.തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നത തല സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.
ആന്റണി ജോൺ എം എൽ എ,മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവി,മുൻസിപ്പൽ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,മുൻസിപ്പൽ സെക്രട്ടറി അൻസൽ ഐസക്,സി പി മുഹമ്മദ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രദേശം സന്ദർശിച്ചത്.ക്രമിറ്റോറിയം നിർമ്മാണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തങ്ങൾ വേഗത്തിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ യും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമിയും പറഞ്ഞു.വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എസ് ശ്രീദേവിയും അറിയിച്ചു.