പെരുമ്പാവൂർ : എം.എൽ.എ ഫണ്ട് ഉൾപ്പെടെ 79 രൂപയുടെ നാല് പ്രവൃത്തികൾക്ക് അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതികൾ നടത്തുന്നത്. കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന്റെ പുന്നലം ഭാഗത്ത് തടയണ നിർമ്മാണത്തിന് 24 ലക്ഷം രൂപ, തൊട്ടുചിറ നവീകരണത്തിന് 34 ലക്ഷം രൂപ, മുടക്കുഴ പഞ്ചായത്തിലെ ചുരളി ചിറ നവീകരണത്തിന് 14.70 ലക്ഷം രൂപ ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കലുങ്ക് നിർമ്മാണത്തിന് 6.40 ലക്ഷം രൂപ എന്നി പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. കൂവപ്പടി പഞ്ചായത്തിലെ എട്ടാം വർഡിലാണ് പുഞ്ചക്കുഴി തോട്. ഇവിടെ പുന്നലം ഭാഗത്ത് തടയണ നിർമിച്ചു കൃഷി ആവശ്യങ്ങൾക്ക് ജലം ഉപയോഗപ്പെടുത്തുന്നതിനാണ് പദ്ധതി. തടയണ നിർമ്മിക്കുന്നതിലൂടെ കുടിവെള്ള സ്രോതസായും പദ്ധതി പ്രയോജനപ്പെടും. 30 ലക്ഷം രൂപ അനുവദിച്ചു പുഞ്ചക്കുഴി തോടിന്റെ വീതിയും ആഴവും അടുത്തിടെ കൂട്ടിയിരുന്നു.
തൊട്ടുചിറയും കൂവപ്പടി പഞ്ചായത്തിലാണ്. ഈ പ്രദേശത്തെ വലിയൊരു ജലസ്രോതസ്സായിരുന്ന തൊട്ടുചിറ സംരക്ഷണം നാളുകളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. ദീർഘനാളായി ചെളിയും പായലും പുല്ലും നിറഞ്ഞു ചിറ ഉപയോഗശൂന്യമാണ്. ചെളിയും പായലും നീക്കി ചിറ നവീകരിക്കുന്നതിനാണ് 34 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെടുങ്കണ്ണിയിൽ ചുരുളി ചിറ നവീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. ചേരാനല്ലൂർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കനാൽ ഭാഗത്ത് കലുങ്ക് നിർമ്മിക്കുന്നതിനാണ് 6.40 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭ്യമായത്. പദ്ധതികളുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി പ്രകാശ്, പഞ്ചായത്ത് അംഗം സിന്ധു അരവിന്ദ്, മുടക്കുഴ പഞ്ചായത്ത് അംഗം ഷോജ റോയി എന്നിവർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പദ്ധതികൾ തയ്യാറാക്കി നൽകുവാൻ മൈനർ ഇറിഗേഷന് എംഎൽഎ നിർദ്ദേശം നൽകിയത്.