കോതമംഗലം :കോതമംഗലം ഡിവിഷനു കീഴിൽ കീരംപാറ പഞ്ചായത്തിലെ വന്യ മൃഗ ശല്യം പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ഫെൻസിങ്ങിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.ഈ പ്രദേശത്ത് വന്യമൃഗ ശല്യം നിരന്തരമായി തുടരുന്ന സാഹചര്യത്തിൽ ഫെൻസിങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം ഡിവിഷനിലെ കീരംപാറ പഞ്ചായത്തിൽ പൂച്ചകുത്ത് ചേലമല മുതൽ കളപ്പാറ-വെളിയച്ചാൽ വരെയുളള ഭാഗത്തേക്ക് എട്ട് കി.മീ. സൗരോർജ്ജ തൂക്കുവേലി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി KPHCC മുഖാന്തിരം പ്രവർത്തി ആരംഭിച്ച് മൂന്ന് കി.മീ. പൂർത്തീകരിച്ചിട്ടുളളതും, അവശേഷിക്കുന്ന അഞ്ച് കിലോമീറ്റർ തൂക്കുവേലിയുടെ പ്രവർത്തി പുരോഗമിച്ച് വരികയുമാണ്.ആയത് സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുള്ളതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
