കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില പുനർ നിർണയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സമീപ വില്ലേജുകളെ അപേക്ഷിച്ച് വളരെ ഉയർന്ന ഫെയർ വാല്യൂ ആണ് നിലനിൽക്കുന്നത്. ഇത് പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എം എൽ എ സഭയിൽ ആവശ്യപ്പെട്ടു.ഇരമല്ലൂര്‍ വില്ലേജുമായി സമാന സ്വഭാവം പുലര്‍ത്തുന്ന അതിര്‍ത്തി വില്ലേജുകളായ തൃക്കാരിയൂര്‍, കോതമംഗലം എന്നീ വില്ലേജുകളിലെ ഭൂമിയുടെ ന്യായവിലയെ അപേക്ഷിച്ച് ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില ഉയര്‍ന്നതാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുള്ളതാണ്.
അപ്രകാരം ഇരമല്ലൂര്‍ വില്ലേജിലെ ഭൂമികളുടെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
കൂടാതെ ന്യായവില നിശ്ചയിച്ചതില്‍ സങ്കടമനുഭവിയ്ക്കുന്ന ഏതൊരാള്‍ക്കും ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കുന്നതിന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും അപ്രകാരം അപ്പീല്‍ സമര്‍പ്പിക്കാവുന്നതുമാണ്.
ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപെട്ട് 21/06/2024-നു എറണാകുളം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോതമംഗലം താലൂക്കിലെ ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.