പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വന്‍ ലഹരി വേട്ടയില്‍ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി വെളിയംകോട് പുതിയ കമറുദീന്‍ (54) നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ‘ഓപ്പറേഷന്‍ ക്ലീന്‍’ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടി രൂപയോളം വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
മുടിക്കല്‍ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണില്‍ ചാക്കില്‍ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. . കുറച്ചുനാളുകളായി ഗോഡൗണ്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.വിദേശരാജ്യ ങ്ങളില്‍ വില്‍ക്കുന്ന സിഗരറ്റുകള്‍, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വില്‍ക്കുന്ന സിഗരറ്റുകള്‍, ഹാന്‍സ് , പാന്‍പരാഗ്, മറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള വസ്തുക്കളാണ് ചാക്കിലുണ്ടായിരുന്നത്. ബംഗലൂരുവില്‍ നിന്നും ലോറിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഗോഡൗണില്‍ എത്തിച്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജന്റുമാര്‍ വഴി വില്പന നടത്തി വരികയായിരുന്നു. കമറുദീനാണ് ഗോഡൗണ്‍ നടത്തിയിരുന്നത്. ഇയാള്‍ ആലുവ ചാലക്കല്‍ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു. ഈ വീട്ടില്‍ നിന്ന് പണം എണ്ണുന്ന മെഷീനും ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയോളം പോലീസ് കണ്ടെടുത്തു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ വേട്ടയാണിത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി ജില്ലയില്‍ പരിശോധന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡില്‍ കഴിഞ്ഞയാഴ്ച രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു.ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഡാന്‍സാഫ് ടീം, എഎസ്പി ശക്തി സിംഗ് ആര്യ, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി ഷംസ്, ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, എസ്‌ഐമാരായ റിന്‍സ് എം തോമസ്, പി.എം റാസിഖ്, എല്‍ദോസ് കുര്യാക്കോസ് എഎസ്‌ഐമാരായ പി.എ അബ്ദുല്‍ മനാഫ്,
രതി , സീനിയര്‍ സിപിഒമാരായ ടി.എ അഫ്‌സല്‍, വര്‍ഗീസ് ടി വേണാട്ട്, ബെന്നി ഐസക്ക്, സിബിന്‍ സണ്ണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.