മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട, 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ സംഗമം ജംഗ്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗം തൃശൂരെത്തി അവിടെ നിന്നും ഓട്ടോയിലാണ് ഇവിടെ വന്നിറങ്ങിയത്. പോലീസ് പിടിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്.
2000 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി 20000 രൂപക്ക് ഇവിടെ കൈമാറി ഉടൻ തിരിച്ചു പോകാനായിരുന്നു പദ്ധതി. 27 പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപകാലത്ത് റൂറൽ ജില്ലയിൽ നടത്തിയ വലിയ മയക്കുമരുന്ന് വേട്ടയാണ്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡി വൈ എസ് പി പി.എം ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ്, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
