- ഷാനു പൗലോസ്
കോതമംഗലം: പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടമുള്ള മാർ തോമ ചെറിയ പള്ളി യാക്കോബായ സഭയിൽ നിന്ന് പിടിച്ചെടുക്കാൻ വീണ്ടും നിയമ നടപടിക്കൊരുങ്ങി ഇന്ത്യൻ ഓർത്തഡോക്സ് സഭ.
കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ 1934 ഭരണഘടന പ്രകാരം തന്നെ വികാരിയായി ചുമതലപ്പെടുത്തിയിട്ടും, പള്ളിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കോതമംഗലം കുത്തുകുഴി സ്വദേശിയായ മാറാച്ചേരിൽ തോമസ് പോൾ റമ്പാൻ നൽകിയ കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിശദമായ തെളിവെടുപ്പിനും , വാദ-പ്രതിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസമാണ് കോതമംഗലം മുൻസിഫ് കോടതി വിധി പറഞ്ഞത്.
ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS 448/2019 കേസിൽ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കുവാൻ കഴിയാത്തതിനാൽ ഓർത്തഡോക്സ് സഭാംഗമായ തോമസ് പോളിന് മാർ തോമ ചെറിയ പള്ളിയിൽ വികാരിയായി പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി കളഞ്ഞു കൊണ്ടാണ് യാക്കോബായ സഭയുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന വിധി ഉണ്ടായത്. ഈ വിധിയെ ചോദ്യം ചെയ്താണ് തോമസ് പോൾ റമ്പാൻ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. 2023 ഏപ്രിൽ 10ന് കേസ് കേൾക്കുന്നതിന് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
കോതമംഗലം മുൻസിഫ് കോടതിയുടെ അന്തിമ വിധി പ്രകാരം, ഈ കേസിനോട് അനുബന്ധിച്ചുണ്ടായിരുന്ന IA ഇല്ലാതായതോടെ അത് നടപ്പിലാക്കാനുള്ള പോലീസ് പ്രൊട്ടക്ഷൻ വിധിയും, കോടതി അലക്ഷ്യ ഹർജിയുമടക്കം എല്ലാ ഹൈക്കോടതി വിധികളും അപ്രസക്തമായി. നിലവിൽ മാർ തോമ ചെറിയ പള്ളിക്ക് കോതമംഗലം മുൻസിഫ് വിധി മാത്രമാണുള്ളത്.
തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച് ഉത്തരവിട്ട മുൻസിഫ് വിധിയെ ചോദ്യം ചെയ്ത് മുന്നോട്ട് പോകുന്ന ഓർത്തഡോക്സ് സഭയുടെ നിലപാട് ദുരുദ്ദേശപരമാണെന്നും, യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നിലനിൽക്കുന്ന ദൈവാലയത്തെ വീണ്ടും കലാപ ഭൂമിയാക്കുവാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും കേഫ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മതമൈത്രിയുടെ സൂചകമായ മാർ തോമ ചെറിയ പള്ളിയിൽ നിലവിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കെ മന:പൂർവ്വം കലുഷിത സാഹചര്യം സൃഷ്ടിക്കുന്ന നീക്കത്തിൽ നിന്ന് ഓർത്തഡോക്സ് സഭയുടെ നേതാക്കൾ പിൻമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എൻ.ടി.യു.സി കോതമംഗലം റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റോയ് കെ.പോൾ കോതമംഗലം വാർത്തയോട് പ്രതികരിച്ചു.
ജാതി മത ഭേദമന്യേ എല്ലാവരും സ്നേഹിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവ കബറടങ്ങിയിരിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ അശാന്തി സൃഷ്ടിക്കുന്ന സാഹചര്യം ഓർത്തഡോക്സ് സഭ തിരുത്തുവാൻ തയ്യാറാവണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറക്കലും ആവശ്യപ്പെട്ടു.