കോതമംഗലം : 75 ആമത് കേരള സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തപ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും രണ്ടു താരങ്ങൾ കേരള ടീമിൽ ഇടം നേടി. ഫുട്ബോളിൽ പുത്തൻ ചുവടുവെപ്പുമായി കടന്നുവന്ന കായിക തലസ്ഥാനമായ കോതമംഗലത്തിന്റെ പുത്തൻ പ്രതീക്ഷയാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ എട്ടോളം താരങ്ങൾ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം നേടി എന്നതും തിരസ്കരിക്കാൻ ആകാത്ത നേട്ടമാണ്.
എം. എ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് അജ്മൽ ( ബി. എ ഹിസ്റ്ററി ) മുഹമ്മദ് ബാസിത് (ബി എ ഇംഗ്ലീഷ് ) എന്നീ യുവതാരങ്ങൾ ആണ് ഈ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയത്. മാർ അത്തനേഷ്യസ് കോളേജിൽ 2011-14 കാലയളവിൽതന്നെ പഠിച്ച മുഹമ്മദ് റാഷിദ് എന്ന താരവും ഈ വർഷത്തെ ടീമിൽ ഇടം നേടി എന്നത് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ്. കഴിഞ്ഞമാസം നടന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡെ റേഷൻ( AFC U-23) ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയുടെ താരമായിരുന്ന അലക്സ് സജിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.