കോതമംഗലം :മാമലക്കണ്ടത്ത് ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും, വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
സമൂഹത്തിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി. എസ്. സുധ പറഞ്ഞു. ‘ഹൃദയവാതിൽ തുറക്കുമ്പോൾ’ പരിശീലന പദ്ധതിയുടെയും ‘എന്റെ മാമലക്കണ്ടം തുടർ പദ്ധതി’യുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജഡ്‌ജ്.
കുറ്റകൃത്യങ്ങളുടെ ഭവിഷ്യത്തുകളെ പറ്റി ധാരണ ഉണ്ടെങ്കിൽ പലരും തെറ്റുകളിലേക്ക് വഴി തിരിയില്ല. അതിനാൽ ചെറുപ്രായത്തിൽ തന്നെ പൗരൻമാരെ നിയമങ്ങളെയും ശിക്ഷകളെയും കുറിച്ച് ബോധവൽക്കരിക്കണം.
സ്കൂൾ വിദ്യാർത്ഥികൾ തീർച്ചയായും പോക്സോ നിയമങ്ങളെ പറ്റി അറിഞ്ഞിരിക്കണം. നിയമാനുസൃത വിവാഹ പ്രായം എത്രയെന്ന് വരെ അറിയാത്ത നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. ഇത് സംബന്ധിച്ച അറിവുകൾ പകരുന്ന പരിശീലന പരിപാടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവർ പറഞ്ഞു.
മാമലക്കണ്ടം ഗ്രാമത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും ഉന്നമനവും സാമൂഹിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ്, കാവൽ പദ്ധതി, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് ത്രിദിന ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചത്.
ഈ പദ്ധതികളും പരിശീലന പരിപാടിയും ഏറെ മാതൃകാപരമായ ഇടപെടൽ ആണെന്നും അതിൽ ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ അനിൽ കെ. ഭാസ്കർ അധ്യക്ഷത വഹിച്ചു. സ്‌കൂളുകൾക്കുള്ള പഠനോപകരണവിതരണം സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ആർ. രജിത നിർവഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ വീശിഷ്ടാതിഥിയായി.
ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പത്മകുമാർ, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് സൽമ പരീത്, ജില്ലാ പഞ്ചായത്ത് അംഗം കെ.കെ ഡാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ ഗോപി, വാർഡ് മെമ്പർ ശ്രീജ ബിജു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ. എസ് സിനി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ.ജി മനോജ്, ജുവനൈൽജസ്റ്റിസ് ബോർഡ് അംഗങ്ങളായ അഡ്വ. ഉല്ലാസ് മധു , അഡ്വ. ജിൻസിമോൾ കുര്യൻ, കോതമംഗലം വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്, സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ജോസഫ്, മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ. പി സ്കൂൾ മാനേജർ പി.കെ വിജയകുമാർ, ഹെഡ് മിസ്ട്രസ് പി.ആർ പ്രീതി, ബ്ലൂ പോയിന്റ് ഓർഗ് സി.ഇ.ഒ ബേബി പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് സി.എസ് സുജി, റിസോഴ്സ് പേഴ്സൺ പ്രതിനിധി ടി.ഡി ജോർജ്കുട്ടി, സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
