കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും. 17 ദിവസമായി സ്വന്തം ഊരു ഉപേക്ഷിച്ചു പോന്നിട്ട്, കൈയ്യിലുള്ള അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും തീരാറായി. ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഇടപെട്ട് കുറച്ച് സാധനങ്ങൾ എത്തിച്ചെങ്കിലും അതും ഏകദേശം തീരാറായ മട്ടിലാണ്.
തങ്ങളുടെ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയിട്ടാണ് ഊരു ഉപേക്ഷിച്ച് ഇറങ്ങിയത്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇതുവരെയായിട്ടും കുട്ടികൾക്കുള്ള ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരു ഡിപ്പാർട്ട്മെന്റും ഇടപെട്ട് നടത്തി തന്നിട്ടില്ല. കഴിഞ്ഞദിവസം മൂവാറ്റുപുഴ ആർ. ഡി. ഒ സ്ഥലം സന്ദർശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് അറാക്കാപ്പിൽ നിന്നും ഇടമലയാറിലെത്തിയ ആദിവാസി കുടുംബങ്ങളെ കാണുവാൻ ചെന്നത്. അവരുടെ പ്രശ്നങ്ങൾ എല്ലാം വിശദമായി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ എല്ലാം വിശദമായി തന്നെ അദ്ദേഹം കേട്ടിട്ടുണ്ട്. എന്തായാലും ഒരു തീരുമാനം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഓരോ ആദിവാസികുടുംബങ്ങളും.
പട്ടികവർഗ്ഗ വകുപ്പിന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ മെഡിക്കൽ സംഘം വിദഗ്ധമായി പരിശോധിച്ചു. ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്ക് മരുന്നുകൾ നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് അരിയും ഭക്ഷണവും എത്തിക്കാതെ മരുന്ന് തന്നത് കൊണ്ട് എന്ത് പ്രയോജനം എന്നാണ് ഊരുമൂപ്പൻ ചോദിക്കുന്നത്.