കോതമംഗലം :പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ റോഡിൽ സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും 10,15,815 /- ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവായിട്ടുള്ളത് . വന്യമൃഗ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള റോഡിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായി കണ്ടു വരികയും നിരവധി അപകടങ്ങളും അതിനെ തുടർന്ന് ജീവഹാനിയും ഗുരുതര പരിക്കുകളും ഉണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുണ്ട്. പുന്നേക്കാട് പ്രദേശവാസികൾ മാത്രമല്ല കുട്ടമ്പുഴയിലേക്കുള്ള പ്രധാന റോഡ് എന്ന നിലയിൽ കൂടിയും കുട്ടമ്പുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ ജനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കുന്ന റോഡ് എന്ന നിലയിലും പ്രത്യേകിച്ച് രാത്രികാലങ്ങളിൽ റോഡിൽ വെളിച്ച സംവിധാനം ഇല്ലാത്തതുമൂലം വലിയ ഭീതിയിലും ഭയപ്പാടിലൂടെയുമാണ് ജനങ്ങൾ ഇതിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നത്.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എം എൽ എ ഫണ്ടിൽ നിന്നും 10,15,815 /- ലക്ഷം രൂപ അനുവദിച്ച് സ്ട്രീറ്റ് മെയിൻ വലിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാൽ എംഎൽഎ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡങ്ങൾ മൂലം ഈ പ്രവർത്തി നിർവഹിക്കാൻ സാധിച്ചിരുന്നില്ല. പ്രദേശത്തെ പ്രത്യേക മായ സാഹചര്യം കണക്കിലെടുത്ത് എം എൽ എ ഫണ്ട് വിനിയോഗിച്ച് ഈ പ്രവർത്തി നിർവഹിക്കുന്നതിന് പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ്10,15,815 /-ലക്ഷം രൂപ വിനിയോഗിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിന് ഇപ്പോൾ പ്രത്യേക അനുമതി നൽകി ഉത്തരവായിട്ടുള്ളത്. കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിലെ വലിയൊരു ജനസമൂഹത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ സാധ്യമാകുന്നതെന്നും, തുടർനടപടികൾ വേഗത്തിലാക്കുമെന്നും എം എൽ എ പറഞ്ഞു.
